വരവര റാവുവിന്റെ കവിതകൾ


1. ഞാൻ രാഷ്ട്രീയത്തിൻ്റെ ഇരയാണ്

- വരവര റാവു 


ഞാൻ വളർച്ച കാണുന്നുണ്ട്-

എൻ്റെ വീടിനു മുൻപിലെ പയറുവള്ളിക്കും

അതിനു പിന്നിലെ ആൽമണ്ട് മരത്തിനുമൊക്കെ.

പക്ഷെ ഞാൻ സങ്കടത്താൽ ചുങ്ങിയിരിക്കുന്നു.

വള്ളി പടരാനിട്ട വലയുടെ പിന്നാലെ തല കുമ്പിട്ടാലേ എനിക്ക് അതിനു കീഴേ പോകാൻ പറ്റൂ. 

ആൽമണ്ട് മരത്തിൻ്റെ ചില്ലകൾ കൈയെത്താ ദൂരത്താണിപ്പോൾ .

അതിൻ്റെ പഴങ്ങൾ കല്ലെത്താ ദൂരത്തും

ഞാനെൻ്റെ പാഠങ്ങൾ പഠിച്ചു കഴിഞ്ഞു. 

വിപ്ലവമില്ലാതെ, ഒരു കുതിച്ചു ചാട്ടമില്ലാതെ വൈദ്യുതിയുമില്ല. 

വെള്ളം കുതിച്ചൊഴുകുന്നത് എനിക്ക് കാണാം.

വൈദ്യുതക്കമ്പിയുടെ ഷോക്കു കൊണ്ട് തല മിന്നുമ്പോൾ തോന്നും

എണ്ണ വിളക്കാണ് ഭേദമെന്ന് .

വെളുപ്പിലല്ലാതെ പൂക്കാനറിയാത്ത മുല്ലവള്ളിയോട് ഈയിടെയായി എനിക്ക് പാവം തോന്നുന്നു.


അയൽപ്പക്കത്തെ തേനീച്ചക്കൂട്ടിലെ തേനീച്ച മുരൾച്ച നിർത്തിയിട്ടില്ല.

ഇടുങ്ങിയ മതിലുകളെ വകവെക്കാതെ അത് റോസപ്പൂവിൻ്റെ തേൻ കുടിക്കുന്നു.


തീ കത്തിക്കുന്ന വിറകു കൊള്ളിയായെങ്കിലെന്ന് ഞാനാശിക്കുകയാണ്. 

എന്നിട്ടും വിറകൊള്ളുന്ന കാലുകളാൽ ഞാൻ എഴുന്നേറ്റു നിൽക്കുന്നു.

ഞാനൊഴികെ എല്ലാവരും നന്നാവുന്നുണ്ടെന്നു തോന്നുന്നു.

ഞാൻ തളർന്നിരിക്കുന്നു.

ചെയ്യുന്നതിലൊന്നും ഒരർത്ഥവുമില്ലെന്നു വരുമോ ?


ദേവനു പൂജയ്ക്കായി രാത്രിയിൽ പൂക്കുന്ന മുല്ലകൾ ഒന്നു തന്നെയാണ്.

കൊല്ലങ്ങളായി ഈയാമ്പാറ്റകൾ മുറതെറ്റാതെ വെളിച്ചത്തിലേക്ക് ആർത്തു ചെല്ലുന്നു.


Vox Populi


അഭിവൃദ്ധിപ്പെടാനുള്ള എൻ്റെ ആഗ്രഹത്തെ സ്വാർത്ഥതയായി തെറ്റിദ്ധരിക്കാനിടയുണ്ട്.

2. ഈ കവിത ലിറ്റാർട്ട് വെബ് വീക്കിലിയിൽ വന്നിരുന്നു

http://litart.media/varavara-rao-soumya-p/

ജീവിതമൊരു മുത്തശ്ശിക്കഥയല്ല - വരവര റാവു.


അമ്മമ്മ പറഞ്ഞു തന്ന കഥകളിലേതുപോലെയല്ല ജീവിതം

ഒരിടത്തൊരിടത്തൊരു രാജാവുണ്ടായിരുന്നില്ല.

നമ്മൾ വെറും കണക്കപ്പിള്ളമാരാണ് .

രാജാവില്ല ; രാജാവിന് ഏഴു മക്കളുമില്ല. 

ആ പരമ്പരയുടെ യുക്തി ഏഴുമക്കളുള്ള കണക്കപ്പിള്ളയ്ക്കില്ല.

കണക്കപ്പിള്ളയുടെ മൂത്തവൾ

രാജകുമാരന്മാരുടെ കഥകൾ കേട്ടുറങ്ങുന്നു.

അവളും രാജകുമാരനും ഒരു സിനിമയിലെ നായികയും നായകനുമാണ്.

പെൺമക്കൾക്കു വേണ്ട ചെലവുകളോർത്ത് പരവശമാണ് കണക്കപ്പിള്ളയുടെ ഉറക്കമില്ലാത്ത കണ്ണുകൾ .

രണ്ടാമത്തെ മകൾ സ്വപ്നത്തിൽ എപ്പോഴും ഡിറ്റക്ടീവ് പരശുറാമിനൊപ്പം ഒരു കാറിലാണ്.

താൻ വായിക്കുന്ന ഡിറ്റക്ടീവ് നോവലുകളിലെ കുറ്റവാളിയായി കണക്കപ്പിള്ള സ്വയം സങ്കൽപിച്ചു.

ട്രഷറിയിൽ ജോലി ചെയ്യവെ ബോസിൻ്റെ പേഴ്സിനെക്കുറിച്ചാണയാളുടെ ചിന്ത. 


കണക്കപ്പിള്ളയും സ്വപ്നം കാണുന്നുണ്ട് -

കടങ്ങൾ കൊടുത്തു തീർന്നതായി ,

പെങ്ങന്മാരെയും പെൺമക്കളെയുമെല്ലാം ഒപ്പം വിവാഹം കഴിച്ചയച്ചതായി. ,


ഭാര്യ വിവാഹ സാരിയിലാണ്.

ഇതവരുടെ മധുവിധു രാത്രിയാണ്. 


സ്വപ്നം അവസാനിച്ചിരിക്കുന്നു. 

ഫയലിൽ തെറ്റുകൾ വരുത്തിയതിന് കണക്കപ്പിള്ളയ്ക്ക് ശകാരം കിട്ടി.

ഒരു മാസത്തെ ശമ്പളം പിടിച്ചു വെയ്ക്കുകയും ചെയ്തു.


കാലം കടന്നു പോയി.

കണക്കപ്പിള്ള തൻ്റെ മൂത്ത മകളുടെ ആത്മഹത്യാ വാർത്ത വായിച്ചറിയുന്നു.

അവൾ രാജാവായഭിനയിച്ച നടൻ്റെ കൂടെ ഒളിച്ചോടിയതാണ്. 


മറ്റൊരു ദിവസം അയാൾ വായിച്ച വാർത്ത തൻ്റെ രണ്ടാമത്തെ മകളും റൗഡിയായ ഭർത്താവും ജയിലിലായതാണ് .

ഡൗറിയുടെ (സ്ത്രീധനം) മറിച്ചു ചൊല്ലലാണ് റൗഡി .


കണക്കപ്പിള്ളയുടെ ജീവിതം മുത്തശ്ശിക്കഥയല്ല ;

ഒരു വിഡ്ഢി പറഞ്ഞ കഥയാണത് .

3. വിശപ്പോ ? 

---വരവര റാവു


തെണ്ടീ ... വിഡ്ഢീ ....

എൻ്റെ പുറം ചാരി നീയെടുക്കുന്ന ഓരോ ശ്വാസവും വിശപ്പു കൊണ്ടാണ് .


യുവത്വം തുളുമ്പുന്ന സ്പർശത്തിലും 

എൻ്റെ കണ്ണോടിടയാനായി 

കഴുത്തിനു പിന്നിലൂടെ നീയെറിയുന്ന നോട്ടങ്ങളിലും മുന്തി നിൽക്കുന്നത് വിശപ്പാണ് ,രതിയല്ല .


കന്യകയായിരിക്കെ നീ കണ്ട കനവുകളൊന്നും 

നീ പെറ്റ അമൃതു കഴിച്ച മകനെപ്പറ്റിയല്ല ;

ഒരു തുള്ളി പാലു പോലും കരുതാനാവാഞ്ഞ 

നിൻ്റെ മുലകളെപ്പറ്റിയായിരുന്നു.

നിനക്കെന്താണിനി ഒളിച്ചുവെക്കാനുള്ളത് ?

നിനക്കു നിന്നെയിനി എന്തിട്ടാണു മൂടാനാവുക ?


എനിക്കു നിന്നെ കാണാൻ വയ്യ .

എൻ്റെ കിടക്കയിലൂന്നിയ നിൻ്റെ കാൽമുട്ടുകൾ ,

എന്നെ കളിപ്പിക്കുന്ന നിൻ്റെ മുലകൾ ..

എനിക്ക് നിൻ്റെ കണ്ണിൽ നോക്കാനാവുന്നില്ല .


എൻ്റെ അരക്കെട്ടിൽ നിന്നൊരു അഴുക്കുചാൽ ഉറവെടുക്കുന്നു. 

നിൻ്റെ ചളി പുരണ്ട നഖങ്ങൾ എൻ്റെ മുൻപിൽ നിവർന്നു കിടക്കുന്നു.

എനിക്കെന്തു രുചിക്കാനാവും ?


നീയെന്നെ കാമിക്കുന്നത് എൻ്റെ പുറംമോടിക്കാണ് .

നിൻ്റെ കൈകൾ എൻ്റെ കീശയിൽ ചില്ലറയ്ക്കായി പരതുന്നു.


നിൻ്റെ യുവത്വം നീ വിശപ്പടക്കാൻ ചില്ലറത്തുട്ടുകൾക്കായി വിൽക്കുന്നു.

പക്ഷെ എനിക്കതിനു പകരം തരാനൊരു ചില്ലിക്കാശുപോലും കൈയിലില്ല.


എനിക്ക് മാപ്പു തരൂ.

നിന്നെ പുണർന്നു നിൻ്റെ 

വിശപ്പു മാറ്റാനുള്ള ഭാഗ്യമെനിക്കില്ല.


ദാനം നൽകാനൊരു ചില്ലി പോലും കൈയിലില്ല. 


വിലപേശാനായി വീണ്ടുമൊരിക്കൽ കാണാം.

ജീവിതപ്പാതയിൽ നിൻ്റെ കടം തന്നു തീർക്കാനാവുമെന്ന് എന്താണുറപ്പ് ?

4. നമുക്ക് കവിത വേണം.

നമ്മൾ കവിതയെഴുതിക്കൊണ്ടിരിക്കുകയാണ്.

കണ്ണീരിൻ്റെ ,കിനാവുകളുടെ, കാപട്യത്തിൻ്റെ കവിത .

ഓർമയുടെയും വിപ്ലവത്തിൻ്റെയും കവിത.

നമുക്കു വേണ്ടത് 

മുളപൊട്ടുകയും പൂവിടുകയും മണം പരത്തുകയും ചെയ്യുന്ന വിത്തുകളടങ്ങിയ കവിത.

നമുക്കു വേണം കായ്ക്കുന്ന കവിത.

നെടുങ്കനെ നിൽക്കുന്ന വ്യവസ്ഥിതിയെ ഉത്തരം പറയിപ്പിക്കുന്ന നട്ടെല്ലുള്ള കവിത.

കാഴ്ചയും ഉൾക്കാഴ്ചയുമുള്ള കവിത. 

ഭരണകൂടത്തിൻ്റെ ഉള്ളുകള്ളികളറിയുന്ന കവിത .

പിഞ്ചു കുഞ്ഞിൻ്റെ പുഞ്ചിരിയാണ് കവിത.

അമ്മയുടെ സ്നേഹാശ്ലേഷവും.

കവിത ശാന്തിയാണ്.

പണിയാളുടെ വഴിതെളിയിക്കുന്ന പന്തവും.

ജീവിതക്കടലിനാൽ ഉർവരമാക്കപ്പെടുന്നതാണ് കവിത.

ജനങ്ങളുടെ സമരത്തിൻ്റെ വെടിയൊച്ചകളിൽ മാറ്റൊലിക്കൊള്ളുന്നതാണ് കവിത 

Comments

Popular posts from this blog

പഷ്തോ കവിത

ജാപ്പനീസ് കവിത