അഫ്‌ഘാൻ കവിതകൾ
അഫ്ഗാനിസ്ഥാൻ എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഹൊസ്നിയ മൊഹ്സിനിയുടെ
1 A better day will come
ഹോസ്നിയ മോഹസ്നിയുടെ ഈ കവിത അഫ്‌ഘാനിസ്ഥാനിലെ താലിബാൻ അധിനിവേശ വാർത്ത അറിഞ്ഞ ശേഷം വായിച്ചതാണ്. വിപരീത പരിസ്ഥിതിയിലും ശുഭപ്രതീക്ഷ കൈവിടുന്നില്ല ഇവരുടെ വരികൾ. കെട്ട കാലങ്ങളിലൂടെ കടന്നുപോകുമ്പോൾ അതിജീവനത്തിന് ഇവരും കൂട്ടാവുന്നു.
A better day will come
Hosnia Mohseni
*********
സോദരീ,
നീയും ഞാനും നമ്മുടെ നാട്ടിലെ
തലയുയർത്തി നിൽക്കുന്ന കുന്നുകൾക്കും മേലെ പറന്നുയരുന്ന ഒരു നാൾ വരും.
നമുക്കു മുൻപിൽ അടച്ചു പൂട്ടിയ വാതിലുകളില്ലാത്ത,
പ്രണയിക്കുന്നത് കുറ്റമല്ലാതാവുന്ന ഒരു നാൾ വരും.
നീയും ഞാനും അന്ന് ചുവന്ന കുപ്പായമിട്ട്
മുടിയഴിച്ച് കാറ്റിൽ പറത്തിക്കൊണ്ട്
നമ്മുടെ പൊട്ടിച്ചിരികൾ കൊണ്ട്
പരന്നു കിടക്കുന്ന മരുഭൂമിയിലെ
പക്ഷികളെപ്പോലും മത്തുപിടിപ്പിക്കും.
മസാറിലെ ചുവന്ന ടൂലിപ്പ് പുഷപങ്ങൾക്കിടയിലൂടെ *റാബിയയെ ഓർമിച്ചു കൊണ്ട്
നമ്മൾ നൃത്തം ചെയ്യും.
ആ ദിനം അകലെയല്ല.
ഒരു വേള വളരെയടുത്തു തന്നെ..
നമ്മുടെ കവിതയിൽത്തന്നെയായിരിക്കും ആ ദിനം.
*പ്രണയിച്ചതിനും കവിത എഴുതിയതിനും കൊലപ്പെടുത്തിയതായി രേഖപ്പെടുത്തപ്പെട്ട ആദ്യ പേർഷ്യൻ കവിയാണ് റാബിയ
2 Daring to bloom
അഫ്ഗാനിസ്ഥാനിൽ നിന്നും ഒരു കവിത കൂടി. താലിബാൻ കാബൂൾ കീഴടക്കിയതിനു ശേഷം September 16 നു പ്രസിദ്ധീകരിക്കപ്പെട്ട കവിതയാണിത്.
Daring to bloom
- Suhaila Bawar
ഞങ്ങൾ അഫ്ഗാൻ പെൺകുട്ടികളാണ്.
പനിനീർപ്പൂപോലെ സൗന്ദര്യമുള്ളവർ.
ഞങ്ങളുടെ പാടങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
വാക്കുവറ്റിയ ഞങ്ങളുടെ വായകളേക്കാൾ വരണ്ടതാണ്
ഞങ്ങൾ വളരുന്ന നിലങ്ങൾ.
സൂര്യനെ കാണാതെ,
ഇരുട്ടിൻ്റെ അറ്റമില്ലാത്ത നിഴലിൽ
ഞങ്ങൾ എങ്ങനെയോ വളർന്നു.
ഈ നാടിനെ ചുറ്റുന്ന കൊടുങ്കാറ്റിനെ കൂസാതെ നിവർന്നു നിൽക്കാൻ ഞങ്ങൾ പഠിച്ചു കഴിഞ്ഞു.
ഞങ്ങളുടെ മുള്ളുകളെ പിഴുതെടുക്കുന്ന
വിറളി പിടിച്ച കരങ്ങളെ കൂസാതെ
ഹൃദയത്തിൽ പ്രതീക്ഷയുടെ മൊട്ടുകൾ ഒളിപ്പിച്ചിട്ടുണ്ടിപ്പോഴും.
ഈ വിഷാദത്തിനിടയിലും ഇതളുകൾ വിടർത്തി
പൂ വിരിയിക്കുന്നുണ്ട് ഞങ്ങൾ.
3 Bring some water, I am burning
പ്രതിരോധത്തിൻ്റെയും പലായനങ്ങളുടെയും അതിജീവനത്തിൻ്റെയും ഗാഥകൾ ഏറെയുണ്ട് അഫ്ഗാൻ വനിതകളുടേതായി. ലിംഗനീതിയ്ക്കായി പ്രവർത്തിക്കുന്ന സഹ്റ വകീൽസാദ എന്ന വിദ്യാർത്ഥിനിയുടെ കവിതയാണിത്.
കുറച്ചു വെള്ളം തരണേ... എനിക്ക് പൊള്ളുന്നു
- സഹ്റ വകീൽസാദ
വർഷങ്ങളായി
ഘാസിയിലെയും ഹെൽമണ്ടിലെയും ഊടുവഴികളിൽ
താലിബാൻ ഞങ്ങളുടെ തലയറുത്തുകൊണ്ടിരിക്കുന്നു.
ക്വോമിലും യസ്ദിലും ഒടിഞ്ഞ കൈകാലുകളുമായി അഭയാർത്ഥികൾ മനുഷ്യനിർമിതമതിലുകളാൽ ചുറ്റപ്പെട്ട് ശ്വാസമെടുക്കാനായി കേഴുന്നു.
മരണത്തെ ഭയന്നു ഞാൻ നിൻ്റെ വീട്ടിൽ അഭയം തേടിയെത്തി.
എനിക്കറിയില്ലായിരുന്നു നിൻ്റെയാളുകളുടെ ഹൃദയം പാറക്കെട്ടുകൾ നിറഞ്ഞ നിങ്ങളുടെ മലനിരകളേക്കാൾ കഠിനമാണെന്ന്.
വർഷങ്ങളായി
ഈ നാട് എൻ്റെ നേരെ വെടിയുണ്ടകൾ
ഉതിർത്തു കൊണ്ടിരിക്കുന്നു.
ചുട്ടുപൊള്ളിക്കുന്ന സൂര്യനു കീഴെ
ഇടിഞ്ഞു തൂങ്ങിയ ചുമലുകളുമായി ഞാനെൻ്റെ രക്തം കൊണ്ട് നിൻ്റെ ചെടികൾ നനയ്ക്കുമ്പോളും നിൻ്റെ പട്ടാളക്കാരുടെ മനസിലെ വെറുപ്പ് വർഷങ്ങളായി എന്നെ പൊള്ളിച്ചുകൊണ്ടിരിക്കുന്നു.
എൻ്റെ ചോര കൊണ്ട് ഈ നാട്ടിൽ തടാകങ്ങളുണ്ടാക്കുന്നു.
എൻ്റെ ചാരത്തിൽ നിന്ന് വീടുകളും.
ഇവിടെ എൻ്റെ സ്വത്വം തന്നെ ഒരു അപഹാസവാക്കാണ്,
ശ്വാസമെടുക്കുന്നത് കുറ്റവും.
എന്നെ കൊല്ലുന്നത് അവരിവിടെ മിണ്ടാതെ നോക്കിക്കാണുകയാണ്,
ചോരയ്ക്കായി ദാഹിച്ചിട്ടെന്ന പോലെ.
ചങ്ങാതീ,
എപ്പോഴെങ്കിലും അവരുടെ വീട്ടിൽ
അഭയം തേടി ചെല്ലുകയാണെങ്കിൽ
നീയൊരല്പം വെള്ളം കൂടെ കരുതുക.
നിന്നെയുമവർ ഇറ്റു വെള്ളം തരാതെ പൊള്ളലേല്പിക്കാൻ സമ്മതിക്കരുത്.
4. To my father
അച്ഛന്
Zahra Wakilzada
ശകാരിച്ചും ഭർത്സിച്ചും കൊണ്ട്
എൻ്റെ നേരെ മുഷ്ടി ചുരുട്ടി കൈയോങ്ങുമ്പോൾ
അച്ഛനെന്നെ അടിച്ചിരുന്നെങ്കിൽ
എന്നു കരുതാറുണ്ട്.
അങ്ങനെ ഈ അധിക്ഷേപങ്ങൾക്കൊരു
കാണാവുന്ന തെളിവാകുമല്ലൊ.
നിങ്ങളുടെ സ്നേഹമില്ലായ്മയെ,
നിങ്ങളുടെ അക്രമങ്ങളെ
ഇനിയും ന്യായീകരിക്കാൻ എനിക്ക് വയ്യ.
യുദ്ധത്തിൽന്ന് രക്ഷപെട്ടു വന്ന നിങ്ങൾക്ക്
എങ്ങനെയാണ് വീടൊരു പോർക്കളമാക്കാനാവുന്നത്?
നമുക്ക് സമാധാനമായി ജീവിക്കാമായിരുന്നല്ലൊ,
എന്നിട്ടും നിങ്ങൾക്കത് വയ്യ.
കമ്യൂണിസ്റ്റുകാരുടെ ജയിലിൽ കിടന്ന കാലത്തെ കഥകൾ പറയാറില്ലേ നിങ്ങൾ?
ആ നിങ്ങളെന്തേ ഞങ്ങൾക്കു മേൽ അതേ നിയന്ത്രണങ്ങളേൽപിക്കുന്നത്?
വീടൊരു ജയിലാക്കിയില്ലേ നിങ്ങൾ?
എവിടെപ്പോകാനും നിങ്ങളുടെ അനുവാദം ചോദിക്കണം
വീട്ടുപണികൾ ചെയ്യണം..
ഞങ്ങൾ ആൺമക്കളായിരുന്നെങ്കിലും ഇതുപോലെ പെരുമാറുമായിരുന്നോ?
സ്വന്തം മകളായ എന്നെക്കാൾ
മനസിലെ ഭയാശങ്കകളെയും പരദൂഷണം പറയുന്ന ബന്ധുജനങ്ങളെയുമാണ് നിങ്ങൾക്ക് വിശ്വാസം
നിങ്ങൾ പറയുന്നത് സത്യമായിട്ടല്ല
ഞാൻ തേങ്ങിക്കരയുന്നത്,
അങ്ങനെയല്ലെന്നെനിക്കറിയാം.
നിങ്ങളാരാണ് ശരിക്കുമെന്ന് കാണുന്നതുകൊണ്ടാണ് ഞാൻ തേങ്ങിക്കരയുന്നത്.
അതെനിക്ക് അംഗീകരിക്കാനാവുന്നില്ല.
നിങ്ങളെൻ്റെ ഹീറോ ആയിരുന്നു.
ഇപ്പൊഴങ്ങനെ അല്ലേയല്ല.
ആളുകൾ പറയും അച്ഛന് പ്രായമാവുകയാണെന്ന്,
നിങ്ങൾ പെൺമക്കളെ തനിച്ചു വളർത്തുന്നതിൻ്റെ പ്രയാസമാണെന്ന്.
ഞങ്ങളെ നോക്കേണ്ടത് അച്ഛൻ്റെ കടമയാണെന്ന് എനിക്ക് തിരിച്ചു പറയണമെന്നുണ്ട്.
ഈ കാണിക്കുന്ന അക്രമങ്ങൾക്കൊന്നും
അതൊരു ന്യായീകരണമല്ല..ഒരിക്കലുമല്ല.
5. Afghan, a poem
കുറച്ചു ദിവസം ആഘോഷിക്കുകയും സഹതപിക്കുകയും ചെയ്ത് പിന്നെ എല്ലാം ശരിയാവും എന്നു കരുതുന്നതാണ് നമ്മുടേതല്ലാത്ത എല്ലാ വിഷയത്തിലും നമ്മുടെ രീതി. പരി ഷോയ്ബിൻ്റെ ഈ കവിത വായിക്കൂ.
അഫ്ഗാൻ, ഒരു കവിത
-പരി ഷോയ്ബ്
അഭയാർത്ഥികളുടെ തലമുറകൾ,
ഞങ്ങൾ എങ്ങനെയാണ് തിരിച്ചറിയപ്പെടുന്നത്? കൊള്ളയടിക്കപ്പെട്ടു, ബലാത്സംഗം ചെയ്യപ്പെട്ടു.
അയൽക്കാരെല്ലാമതിൽ പങ്കു ചേർന്നു
എന്നിട്ട് അന്താരാഷ്ട്ര സമൂഹം ഞങ്ങളുടെ ചായക്കും സൽക്കാരത്തിനും നന്ദി പറഞ്ഞു
ഞങ്ങളിവിടെ ആഘോഷത്തിലാണെന്ന മട്ടിൽ
അവരിപ്പോൾ അകലെ നിന്ന് നോക്കിക്കാണുന്നു
ആ നേരത്ത് ഭീകരവാദികൾ ഞങ്ങളുടെ നാടു മുടിക്കുന്നു
പുതുപുത്തൻ തലസ്ഥാന നഗരങ്ങളിലിരുന്ന്
തങ്ങളുടെ ജീർണിച്ച തത്വശാസ്ത്രം പ്രചരിപ്പിക്കുന്നു, വീണ്ടും ലോകത്തെ നശിപ്പിക്കുന്നു
നിങ്ങൾ നിങ്ങളുടെ പൊട്ടക്കെണറ്റിലെ ദ്രവിച്ച നയതന്ത്രവും കൊണ്ട്
അഫ്ഗാനിസ്ഥാനു വേണ്ടി പ്രാർത്ഥിക്കുക
Comments
Post a Comment